വിദ്യാകിരണം

പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനും പഠന ബോധന പ്രക്രിയ ശക്തിപ്പെടുത്തുന്നതിനും ജനകീയ വിദ്യാഭ്യാസ മാതൃക വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതി.

പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനും പഠന ബോധന പ്രക്രിയ ശക്തിപ്പെടുത്തുന്നതിനും ജനകീയ വിദ്യാഭ്യാസ മാതൃക വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതി. സാമൂഹിക നീതിയും അവസര തുല്യതയും അടിസ്ഥാനമാക്കി, സാങ്കേതിക വിദ്യാസാധ്യതകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തി ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ലഭ്യമാക്കുക, സമഗ്രമായ കാഴ്ചപ്പാടും നൂതനമായ പ്രവർത്തന പദ്ധതികളും നടപ്പിലാക്കിക്കൊണ്ട് ബഹുജന കൂട്ടായ്മയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം, സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌ക്കരണം, സ്കൂൾ മാസ്റ്റർപ്ലാനുകൾ തയ്യാറാക്കൽ, എന്നിവ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നു.
ലക്ഷ്യങ്ങൾ
  • സംസ്ഥാനത്തെ എല്ലാ സ്കൂളുകളെയും മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തുക.
  • എല്ലാ ക്ലാസ് മുറികളും സാങ്കേതികവിദ്യ സൗഹൃദ ക്ലാസ്സ്മുറികളാക്കി കാലോചിതമായ ബോധന വിദ്യകൾ ഉപയോഗപ്പെടുത്തി പഠനപ്രവർത്തനങ്ങൾക്കു പുതിയ മാനം നൽകുക.
  • സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റികൾ, അധ്യാപക – രക്ഷകർത്തൃ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പടെയുള്ള പഠന-ബോധന സൗകര്യങ്ങളുടെ കാലോചിതമായ വികസനം ഉറപ്പാക്കി പൊതുവിദ്യാലയങ്ങളുടെ പ്രസക്തി വീണ്ടെടുക്കുക.
  • സംസ്ഥാനത്തെ എല്ലാ സ്കൂളുകളെയും മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തുക.
  • ഇംഗ്ളീഷ് ഭാഷ പ്രാവീണ്യമുൾപ്പടെ വിദ്യാർഥികളുടെ ആശയവിനിമയശേഷിയും ജീവിത നൈപുണികളും വികസിപ്പിക്കുക.

നമ്മുടെ നാടിന്റെ നന്മയെന്ന് അംഗീകരിക്കപ്പെട്ട മത നിരപേക്ഷ നിലപാടും ബഹുസ്വരതയെ ഉൾക്കൊള്ളുന്ന മനോഭാവവും സഹിഷ്ണുതയും കൂട്ടമായി പ്രവർത്തിക്കാനുള്ള മനോഭാവവുമൊക്കെ വികസിച്ചു വന്നത് പൊതുവിദ്യാലയങ്ങളിലൂടെയാണ്. കേരളത്തിലെ പൊതുവിദ്യാലയങ്ങൾ സ്ഥാപിക്കപ്പെട്ടതും വളർന്നതും ജനകീയമായ കൂട്ടായ്മയോടും പങ്കാളിത്തത്തോടും കൂടിയാണ്. ഈ ഒത്തൊരുമയും പങ്കാളിത്തവും വർദ്ധിപ്പിക്കേണ്ട സാഹചര്യം ഇന്ന് നിലനിൽക്കുന്നുണ്ട്.

ദേശീയതലത്തിൽ നിലനിൽക്കുന്ന ഒന്നാംതലമുറ പ്രശ്നങ്ങൾ കേരളത്തിൽ സമൂഹപങ്കാളിത്തത്തോടെ നാം ഇതിനകം പരിഹരിച്ചു കഴിഞ്ഞു. സ്കൂൾ പ്രാപ്യതയും പഠനതുടർച്ചയും കേരളത്തിൽ ഇന്ന് ഒരു പ്രധാന വിദ്യാഭ്യാസ പ്രശ്നമല്ല. ഇന്ന് നാം നേരിടുന്ന വെല്ലുവിളികളിൽ പ്രധാനമായവ താഴെപ്പറയുന്നു:

  • വിദ്യാഭ്യാസരംഗത്തെ രണ്ടാംതലമുറ പ്രശ്നങ്ങളായ തുല്യത, ഗുണത എന്നിവ ഉറപ്പാക്കൽ.
  • ഇവയെ അഭിമുഖീകരിക്കാൻ കഴിയും വിധം സ്കൂൾ പഠനാന്തരീക്ഷത്തെയും പഠനപരിസരത്തെയും മാറ്റിയെടുക്കൽ
  • പുതിയ വെല്ലുവിളി ഏറ്റെടുക്കുന്നതിന് അധ്യാപകസമൂഹത്തെ പരിവർത്തിപ്പിക്കൽ
  • രക്ഷിതാക്കളിൽ ഗുണമേന്മ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് സൃഷ്ടിക്കൽ
  • ഇതിനെല്ലാം അനുയോജ്യമായി വിദ്യാഭ്യാസ സംവിധാനത്തിന്റെയും ഭരണനിർവഹണ പങ്കാളികളുടെയും മനോഭാവം മാറ്റിയെടുക്കാൻ, പുത്തൻ കടമാബോധം സ്വാംശീകരിക്കൽ
  • കുട്ടികളുടെ സർവ്വതോൻമുഖമായ വികാസത്തിന് വേണ്ട പഠന അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി ആധുനിക സാങ്കേതിക സാധ്യതകൾ പ്രയോജനപ്പെടുത്തൽ.
  • നാട്ടിൽ ലഭ്യമായ വൈദഗ്ധ്യത്തെ കുട്ടിയുടെ ഗുണമേന്മാ വിദ്യാഭ്യാസത്തിന് മുതൽക്കൂട്ടാക്കൽ
  • സ്കൂൾ വിദ്യാഭ്യാസത്തിൽ ഇടപെടുന്ന എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിക്കൽ

കൂടുതൽ വിവരങ്ങൾക്ക്: വിദ്യാകിരണം വെബ്സൈറ്റ് സന്ദർശിക്കുക