സംരംഭങ്ങൾ
ജലഗുണനിലവാര നിര്ണ്ണയലാബ്
കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും ഭൂജലത്തെയാണ് കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. മലിനജലത്തിന്റെ ഉപയോഗം കാരണം ജലജന്യ രോഗങ്ങളുടെ വ്യാപനവും കൂടിയിട്ടുണ്ട്. സമീപ ജല സ്രോതസ്സുകള്‍ മലിനപ്പെടുന്നതും കിണര്‍ വെള്ളം മലിനമാകാന്‍ കാരണമാകുന്നു. ഹരിത കേരള മിഷന്റെ ശ്രമഫലമായി നിരവധി പുഴകളും നീര്‍ച്ചാലുകളും, കുളങ്ങളും മാലിന്യ മുക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും ജനങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനോടൊപ്പം കുടിക്കുന്ന വെള്ളം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിനും, ആയതിനെക്കുറിച്ചുള്ള ആശങ്ക അകറ്റുന്നതിനും വേണ്ടി ഹരിത കേരള മിഷന് ആരംഭിച്ചതാണ് ജലഗുണനിലവാര പരിശോധനാ ലാബുകള്‍. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഓരോ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ഓരോ പ്രാഥമിക ജലഗുണനിലവാര പരിശോധനാ ലാബുകള്‍ ആരംഭിക്കുവാനാണ് തീരുമാനിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് ഇതുവരെ 254 ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ ജലഗുണ നിലവാര നിര്‍ണ്ണയ ലാബുകള്‍ സ്ഥാപിക്കുന്നതിന് അനുമതി ലഭ്യമാകുകയും അതില്‍ 150 ലാബുകള്‍ പ്രവര്‍ത്തനസജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.
ശേഷിക്കുന്ന മുഴുവന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ഓരോ ഹയര്‍ സെക്കന്ററി സ്കൂളില്വീതം ജലഗുണ നിലവാര നിര്‍ണ്ണയ ലാബുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പമ്പ, പെരിയാര്‍ നദികളുടെ വൃഷ്ടി പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ ജലഗുണ നിലവാര നിര്‍ണ്ണയ ലാബുകള്‍ സ്ഥാപിക്കുന്നതിനുള്ള ഒരു പദ്ധതി നിര്‍ദ്ദേശം ഹരിത കേരളം മിഷനില്‍ നിന്നും കേരള പുനര്‍ നിര്‍മ്മാണ പദ്ധതിയ്ക്ക് സമര്‍പ്പിക്കുകയും അതിന് അംഗീകാരം ലഭ്യമാകുകയും ചെയ്തിട്ടുണ്ട്. ഇതുപ്രകാരം എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ നേരത്തേ ലാബുകള്‍ സ്ഥാപിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഒഴിവാക്കി, ശേഷിക്കുന്ന 313 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രാഥമിക ജലഗുണനിലവാര നിര്‍ണ്ണയ ലാബുകള്‍ സ്ഥാപിക്കുന്നതിനാണ് അനുമതി ലഭ്യമായിട്ടുള്ളത്. ഈ ലാബുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.