ലൈഫ് മിഷൻ

എല്ലാവർക്കും പാർപ്പിടവും ഉപജീവനവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു സമഗ്ര പദ്ധതിയാണ് ലൈഫ് മിഷൻ.

എല്ലാവർക്കും പാർപ്പിടവും ഉപജീവനവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു സമഗ്ര പദ്ധതിയാണ് ലൈഫ് മിഷൻ. പാര്‍പ്പിട മേഖലയില്‍ കേരളം അഭിമുഖീകരിക്കുന്ന ബഹുമുഖവും സമ്മിശ്രവുമായ പ്രശ്നങ്ങള്‍ക്ക് ജനപങ്കാളിത്തത്തോടെയും ആധുനിക സാങ്കേതിക വിദ്യകളുടെ പിന്തുണയോടെയും പരിഹാരം കാണുക, ഉപജീവന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് സാമ്പത്തിക ശാക്തീകരണം ഉറപ്പാക്കുക, ജീവനോപാധി കണ്ടെത്താൻ ആവശ്യാധിഷ്ഠിത തൊഴിൽ പരിശീലനം, തൊഴിൽ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനും തൊഴിൽദാതാക്കളുമായി ബന്ധം സ്ഥാപിക്കുന്നതിനും പദ്ധതികൾ, ഭൂഘടനയ്ക്ക് അനുയോജ്യമായ വിധത്തിൽ പരിസ്ഥിതി സൗഹാർദ്ദ നിർമ്മാണം എന്നിവയാണ് പ്രത്യേകതകൾ. ഇത്തരത്തിൽ ഭവനരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുക എന്നതാണ് മിഷനിലൂടെ വിഭാവനം ചെയ്യുന്നത്.
അര്‍ഹതാ മാനദണ്ഡങ്ങള്‍ - (എ) ഭൂമിയുള്ള ഭവനരഹിതര്‍
  • ഒരേ റേഷന്‍ കാര്‍ഡില്‍ ഉൾപ്പെട്ടവരെ ഒറ്റകുടുംബമായി പരിഗണിച്ച് ഒരു ഭവനത്തിന് മാത്രമായി പരിഗണിക്കേണ്ടതാണ്. നിലവിൽ റേഷന്‍ കാര്‍ഡ് ഉളള കുടുംബം. ആ റേഷന്‍ കാര്‍ഡില്‍ ഉൾപ്പെട്ട ഒരാള്‍ക്കുപോലും ഭവനം ഇല്ലാത്തവരും ആകണം. (പട്ടികജാതി/പട്ടികവര്‍ഗ്ഗ/മത്സ്യതൊഴിലാളി വിഭാഗത്തിന് ബാധകമല്ല)
  • സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളില്‍ സ്ഥിരജോലിക്കാരോ ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നവരോ ആയ അംഗങ്ങളുള്ള കുടുംബങ്ങളെ ഒഴിവാക്കേണ്ടതാണ്.
  • വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കൂടുതലുള്ള കുടുംബങ്ങളെ ഒഴിവാക്കേണ്ടതാണ്.
  • ഗ്രാമപഞ്ചായത്തുകളില്‍ 25 സെന്റിലോ/ മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ പ്രദേശത്ത് അഞ്ച് സെന്റിലേറെയോ ഭൂമി സ്വന്തമായുള്ള കുടുംബങ്ങളെ ഒഴിവാക്കേണ്ടതാണ്. (പട്ടികജാതി/പട്ടികവര്‍ഗ്ഗ/മത്സ്യതൊഴിലാളി വിഭാഗത്തിന് ബാധകമല്ല)
  • ഉപജീവനത്തൊഴില്‍ ഉപാധിയെന്ന നിലയ്ക്കല്ലാതെ നാലുചക്രവാഹനം സ്വന്തമായുള്ള കുടുംബങ്ങളെ ഒഴിവാക്കേണ്ടതാണ്.
  • അവകാശികള്‍ക്ക് വസ്തുഭാഗം ചെയ്ത സാഹചര്യത്തില്‍ സ്വന്തംപേരില്‍ സാങ്കേതികമായി ഭൂമിയില്ല എന്ന കാരണത്താല്‍ ഭൂരഹിതരായവര്‍ ഒഴിവാക്കപ്പെടേണ്ടതാണ്.
  • ജീര്‍ണ്ണിച്ചതും അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കാന്‍ പറ്റാത്തതുമായ ഭവനങ്ങള്‍ (മൺഭിത്തി / കല്‍ഭിത്തി, ടാര്‍പ്പോളിന്‍, ഷീറ്റ്, തടി എന്നിവ കൊണ്ട് നിര്‍മ്മിച്ച ഭിത്തിയുള്ളതും, ഷീറ്റ്, ഓല എന്നിവയോടുകൂടിയ മേല്‍ക്കൂര ഉള്ളതുമായ ഭവനങ്ങളെ ജീര്‍ണ്ണിച്ചതും വാസയോഗ്യമല്ലാത്തതുമായ ഭവനങ്ങള്‍ എ വിഭാഗത്തില്‍ പരിഗണിക്കാം). നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്നപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപന എന്‍ജിനീയര്‍ ടി ഭവനത്തിന്റെ വാസയോഗ്യത സംബന്ധിച്ച സാക്ഷ്യപത്രം നല്‍കേണ്ടതാണ്.
അര്‍ഹതാ മാനദണ്ഡങ്ങള്‍ - (ബി) ഭൂരഹിതര്‍

മുകളിലെ മാനദണ്ഡങ്ങളോടൊപ്പം താഴെ പറയുന്ന മാനദണ്ഡങ്ങള്‍ കൂടി പരിഗണിക്കണം.

  • സ്വന്തമായി ഭൂമി ഇല്ലാത്തവർ
  • റേഷൻ കാർഡിൽ പേരുള്ള കുടുംബാംഗങ്ങളുടെ പേരിൽ ഭൂമി ഇല്ലാത്തവർ
  • റേഷൻ കാർഡിൽ പേരുള്ള കുടുംബാംഗങ്ങളുടെ മൊത്തം പേരിലും കൂടി 3 സെന്റിൽ കുറവ് ഭൂമി ഉള്ളവർ

കൂടുതൽ വിവരങ്ങൾക്ക് ലൈഫ് മിഷൻ വെബ്സൈറ്റ് സന്ദർശിക്കുക