സംരംഭങ്ങൾ

സംരംഭങ്ങൾ

ഗ്രീന്‍ പ്രോട്ടോക്കോള്‍

എന്താണ് ഗ്രീന്‍ പ്രോട്ടോക്കോള്‍?
മാലിന്യത്തിന്‍റെ അളവ് കുറക്കുക, മാലിന്യ ഉത്പാദനം ഇല്ലാതാക്കുക, രൂപപ്പെടുന്ന മാലിന്യങ്ങളെ തരംതിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുക തുടങ്ങിയവയ്ക്കായി അനുവര്‍ത്തിക്കുന്ന രീതിയാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍. പുനരുപയോഗ സാധ്യമായവ, കമ്പോസ്റ്റിംഗ് സാധ്യമായവ എന്നിങ്ങനെ മാലിന്യത്തെ തരംതിരിച്ചും ഉപേഭാഗ സാധനങ്ങളുടെ അളവ് കുറച്ചും അവശിഷ്ടം ഇല്ലാതാക്കിയും മാലിന്യ പരിപാലനത്തില്‍ നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളും വ്യക്തികളും, സമൂഹവും പിന്‍തുടരുന്ന രീതിയുമാണ് ഇതില്‍ പ്രധാനം. വ്യക്തി ജീവിതം, കുടുംബം, ഓഫീസുകള്‍, പൊതു പരിപാടികള്‍, വിവാഹം, സമ്മേളനങ്ങള്‍, ഉത്സവങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കാം. മാലിന്യ ഉത്പാദനത്തിന്‍റെ അളവ് കുറയ്ക്കുന്നതിന് വേണ്ടി ഡിസ്പോസിബിള്‍ സാധനങ്ങളുടെ ഉപേയാഗം പൂര്‍ണ്ണമായും ഒഴിവാക്കി, കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന പാത്രങ്ങള്‍ ശീലമാക്കുകയും ശേഷം ഉണ്ടാകുന്ന ജൈവമാലിന്യം അതാത് സ്ഥലങ്ങളില്‍ തന്നെ കമ്പോസ്റ്റിങ്ങിലൂടെ വളമാക്കി മാറ്റുകയോ ബയോഗ്യാസാക്കി മാറ്റുകയോ ചെയ്യുക എന്നതാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍ അടിസ്ഥാന തത്വം. ഇത്തരത്തില്‍ മാലിന്യം രൂപപ്പെടുന്നതിന്‍റെ അളവ് പകുതിയോളം കുറയ്ക്കുന്നതിനും അജൈവ വസ്തുക്കള്‍ വലിച്ചെറിയുന്നതും, കത്തിക്കുന്നതുമൂലവുമുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിനും ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനത്തിലൂടെ സാധിക്കും. വന്‍ ജനപങ്കാളിത്തമുണ്ടാകുന്ന ഉത്സവങ്ങളിലും ആഘോഷങ്ങളിലും സമ്മേളനങ്ങളിലും മേളകളിലും വിവാഹങ്ങളിലുമെല്ലാം ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നത് വന്‍തോതിലുളള മാലിന്യ ഉത്പാദനത്തിന്‍റെ അളവ് കുറയ്ക്കുന്നതിന് സഹായകരമാണ്.

blog-post-image

എന്തിനാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍ ?
മണ്ണിനും മനുഷ്യനും മനുഷ്യരാശിക്കും ദുരന്ത സൂചന നല്‍കിക്കൊണ്ട് പ്രതിദിനം ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്‍റെ അളവും, ഇനവും വര്‍ദ്ധിച്ചു വരുന്നു. 'ഗ്രീന്‍ പ്രോട്ടോക്കോളിലൂടെ ശുചിത്വം'എന്നത് മറ്റൊരു വ്യഖ്യാനത്തിലേക്ക് എത്തുകയാണ്. മാലിന്യം ഉത്പാദിപ്പിച്ചിട്ട് അത് സംസ്കരിക്കുന്നതിനുള്ള പോംവഴി അന്വേഷിച്ച് കഷ്ടപ്പെടാതെ മാലിന്യ ഉത്പാദനം കുറയ്ക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുക എന്നതാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങളിലൂടെ ഉദ്ദേശിക്കുന്നത്.

ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കാന്‍ നമുക്ക് എന്തൊക്കെ ചെയ്യാം?

  • മാലിന്യത്തിന്‍റെ അളവ് കുറയ്ക്കല്‍.

  • മാലിന്യം ഉറവിടത്തില്‍ തരംതിരിക്കല്‍.

  • പുനഃചംക്രമണം സാധ്യമായ വസ്തുക്കള്‍ മാത്രം ഉപയോഗിക്കല്‍.

  • പുനരുപയോഗം സാധ്യമായ വസ്തുക്കള്‍ പരമാവധി ഉപേയാഗിക്കല്‍.

  • നിത്യജീവിതത്തില്‍ നിന്ന് എല്ലാത്തരം ഡിസ്പോസിബിള്‍ സാധനങ്ങളുടെയും ഉപേയാഗം പൂര്‍ണ്ണമായും ഒഴിവാക്കല്‍.

  • ഡിസ്പോസിബിള്‍ വസ്തുക്കള്‍ക്ക് പകരം കഴുകി ഉപേയാഗിക്കുവാന്‍ കഴിയുന്ന പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപേയാഗിക്കുക (സ്റ്റീല്‍, ചില്ല്, സെറാമിക്സ് പാത്രങ്ങള്‍, തുണിസഞ്ചികള്‍ തുടങ്ങിയവ).

  • നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പൂര്‍ണ്ണമായും ജൈവ-അജൈവ മാലിന്യങ്ങള്‍ പ്രത്യേകം തരം തിരിക്കുക

  • ജൈവമാലിന്യം കമ്പോസ്റ്റിങ്ങിലൂടെ വളമാക്കുകയോ /ബയോഗ്യാസ് പ്ലാന്‍റ് സ്ഥാപിച്ച് അതില്‍ നിക്ഷേപിച്ച് ബയോഗ്യാസ് ആക്കി മാറ്റുകേയാ ചെയ്യുക.

  • അജൈവ വസ്തുക്കള്‍ പ്രത്യേകം തരംതിരിച്ച് വൃത്തിയാക്കി, ഉണക്കി സൂക്ഷിക്കേണ്ടതും ആയത് നിശ്ചിത അളവാകുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലോ പാഴ് വസ്തു വ്യാപാരികള്‍ക്കോ പുനഃചംക്രമണത്തിനായ് കൈമാറുകയും ചെയ്യുക.

  • ഇ-മാലിന്യങ്ങള്‍ പ്രത്യേകം സൂക്ഷിച്ച് ആയത് ശേഖരിക്കാന്‍ അംഗീകാരമുള്ള പാഴ് വസ്തു വ്യാപാരികള്‍ക്കോ ക്ലീന്‍ കേരള കമ്പനിക്കോ തദ്ദേശസ്വയംഭരണ സ്ഥാപനത്തനോ യഥാസമയം കൈമാറേണ്ടതാണ്.

  • ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന കവറുകളുടെ ഉപേയാഗം പൂര്‍ണ്ണമായും ഒഴിവാക്കി, തുണിയിലോ, ചണത്തിലോ, പേപ്പറിലോ, കയറിലോ നിര്‍മ്മിച്ച പ്രകൃതിക്കിണങ്ങുന്ന സഞ്ചികള്‍ ഉപയോഗിക്കാം.

  • ആഹാര വസ്തുക്കള്‍ പാഴ്സലായ് വാങ്ങുന്നതിന് കടകളില്‍ പോകുമ്പോള്‍ കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന പാത്രങ്ങള്‍ കൈയ്യില്‍ കരുതാവുന്നതാണ്.

  • എല്ലാത്തരം മാലിന്യങ്ങളും വലിച്ചെറിയുന്ന ശീലം ഒഴിവാക്കി പ്രത്യേകം വൃത്തിയാക്കി സൂക്ഷിച്ച് പുനഃചംക്രമണത്തിനായി അത് ശേഖരിക്കുന്ന വ്യക്തികള്‍ക്കോ സ്ഥാപനത്തിനോ നല്കണം.

  • ഫ്ളക്സുകള്‍ക്ക് പകരം തുണിയില്‍ നിര്‍മ്മിച്ച ബാനറുകളും, അലങ്കാരങ്ങളും മറ്റു പ്രകൃതിസൗഹൃദ വസ്തുക്കളും ഉപേയാഗിക്കാം