സംരംഭങ്ങൾ
ഹരിതമിത്രം (സ്മാര്‍ട്ട് ഗാര്‍ബേജ് മോണിട്ടറിംഗ് സിസ്റ്റം)
സംസ്ഥാനത്ത് അജൈവ മാലിന്യ സംസ്കരണ രംഗത്ത് വിപ്ലവകരമായ മാറ്റം സാധ്യമാക്കുന്ന ഹരിതമിത്രം - സ്മാര്‍ട്ട് ഗാര്‍ബേജ് മാനേജ്മെന്‍റ് സിസ്റ്റം ആപ്പ് കൂടുതല്‍ ശ്രദ്ധേയമാവുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ നിരീക്ഷിക്കാന്‍ ഉപകരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഹരിതമിത്രം.
സംസ്ഥാനത്ത് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍റെയും നേതൃത്വത്തില്‍ നടന്നുവരുന്ന ശുചിത്വ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍, അവയുടെ ഭൗതിക സാമ്പത്തിക പുരോഗതി, പൊതുജനങ്ങള്‍ക്കായുള്ള പരാതി പരിഹാര സെല്‍ തുടങ്ങിയ അടിസ്ഥാന ഘടകങ്ങള്‍ ഉള്‍പ്പെടുത്തി മാലിന്യ സംസ്കരണ മേഖലയിലെ ഓരോ പ്രവര്‍ത്തനങ്ങളും അതത് സമയങ്ങളില്‍ തന്നെ വിവരസാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ സംവിധാനത്തിലൂടെ സംസ്ഥാനതലം മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡ്തലം വരെ നിരീക്ഷിക്കുന്നതിനുള്ള സംവിധാനമാണിത്. കെല്‍ട്രോണിന്‍റെ സാങ്കേതിക സഹായത്തോടെ ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, കില എന്നിവരുടെ സഹകരണത്തോടെ വികസിപ്പിച്ച ആപ്ലിക്കേഷനാണ് ഹരിതമിത്രം.
വീടുകള്‍, കടകള്‍, ആശുപത്രികള്‍, ഓഡിറ്റോറിയങ്ങള്‍, ആരാധനാലയങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങി മാലിന്യം രൂപപ്പെടുന്ന സ്ഥലങ്ങളുടേയും നിലവിലെ മാലിന്യ സംസ്കരണ സംവിധാനങ്ങളുടേയും വിവരങ്ങള്‍ ഇതിലൂടെ ലഭ്യമാകും. ഹരിതകര്‍മ്മസേനയുടെ യൂസര്‍ഫീ ശേഖരണം, കലണ്ടര്‍ പ്രകാരമുള്ള പാഴ് വസ്തു ശേഖരണം തുടങ്ങിയ വിവരങ്ങളും ഇതിലൂടെ അറിയാന്‍ സാധിക്കും. യൂസര്‍ഫീ നല്‍കാത്ത വീടുകളേയും സ്ഥാപനങ്ങളേയും എളുപ്പത്തില്‍ കണ്ടുപിടിക്കാനും വാതില്‍പ്പടി ശേഖരണം കൃത്യമായി നടപ്പിലാക്കാനും സാധിക്കും. കൂടാതെ മലിനീകരണ പ്രശ്നങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനുള്ള സൗകര്യവുമുണ്ട്. ഹരിതകര്‍മ്മസേന ശേഖരിക്കുന്ന അജൈവമാലിന്യങ്ങളുടെ സംഭരണ കേന്ദ്രങ്ങളായ എം.സി.എഫ്., മിനി എം.സി.എഫ്., തുടങ്ങിയവയുടെ ലൊക്കേഷന്‍ മാപ്പ്, മാലിന്യവും പാഴ് വസ്തുക്കളും നീക്കം ചെയ്യുന്നതിനുപയോഗിക്കുന്ന വാഹനങ്ങളുടെ സഞ്ചാര ദിശ ജി.പി.എസ്. സംവിധാനം ഉപയോഗപ്പെടുത്തി ട്രാക്ക് ചെയ്യല്‍ എന്നിവയും ഈ ആപ്ലിക്കേഷനിലൂടെ സാധ്യമാകും. മാലിന്യ സംസ്കരണ സേവനങ്ങള്‍ മോണിട്ടര്‍ ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനതലം മുതല്‍ സംസ്ഥാനതലം വരെയുള്ള വിവരങ്ങള്‍ തത്സമയം കാണാന്‍ കഴിയുന്ന ഡാഷ് ബോര്‍ഡ് ഉള്‍പ്പെടെയുള്ള സമഗ്രമായ ഒരു വെബ്പോര്‍ട്ടല്‍ ഈ മാനേജ്മെന്‍റ് സിസ്റ്റത്തിന്‍റെ ഭാഗമായുണ്ടാകും.
ജനകീയ പങ്കാളിത്തത്തോടെയാണ് ഈ സംവിധാനം സംസ്ഥാനത്ത് നടപ്പാക്കി വരുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ജനകീയ കൂട്ടായ്മകള്‍, സംഘടനകള്‍, വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവരുടെ കൂട്ടായ സഹകരണവും ഇതിന്‍റെ പിന്നിലുണ്ട്. മാലിന്യം സംബന്ധിച്ചുള്ള വിശദമായ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ഒരു ഡേറ്റാബേസ്, സേവനദാതാക്കള്‍ക്കും ടെക്നീഷ്യന്‍മാര്‍ക്കുമുള്ള ടെക്നീഷ്യന്‍ ആപ്പ്, പൊതുജനങ്ങള്‍ക്കായുള്ള കസ്റ്റമര്‍ ആപ്പ് തുടങ്ങിയവയും ഹരിതമിത്രത്തിന്‍റെ അടിസ്ഥാന ഘടകങ്ങളാണ്.
മാലിന്യം രൂപപ്പെടാന്‍ സാധ്യതയുള്ള മുഴുവന്‍ പ്രദേശങ്ങളും സന്ദര്‍ശിച്ച് വിവരങ്ങള്‍ മൊബൈല്‍ ആപ്പില്‍ രേഖപ്പെടുത്തും. വീടുകളുടേയും സ്ഥാപനങ്ങളുടേയും ജിയോ ലൊക്കേഷനും ഫോട്ടോയും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ആപ്പില്‍ രേഖപ്പെടുത്തും. മൊബൈല്‍ ആപ്പില്‍ നിന്നും ലഭിക്കുന്ന ക്യൂ.ആര്‍.കോഡിന്‍റെ സ്റ്റിക്കര്‍ വീടുകളിലും സ്ഥാപനങ്ങളിലും പതിപ്പിക്കും. ഇതാണ് ഹരിതമിത്രം പ്രവര്‍ത്തനത്തിന്‍റെ ആദ്യഘട്ടം. ക്യൂആര്‍. കോഡ് സ്കാന്‍ ചെയ്യുമ്പോള്‍ കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തുടര്‍പ്രവര്‍ത്തനങ്ങള്‍.
ഹരിതകര്‍മ്മസേന ഉള്‍പ്പെടെയുള്ള സേവന ദാതാക്കള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും വിധത്തിലുള്ള സേവനങ്ങളാണ് ഹരിതമിത്രത്തിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. നിശ്ചിത തീയതികളില്‍ സന്ദര്‍ശിക്കേണ്ട പ്രദേശങ്ങള്‍, നല്‍കേണ്ട സേവനങ്ങള്‍, ഉപഭോക്താക്കള്‍ ഉന്നയിച്ചിട്ടുള്ള പരാതികള്‍ തുടങ്ങിയവയെല്ലാം സേവനദാതാക്കള്‍ക്ക് ഈ ആപ്ലിക്കേഷനിലൂടെ ലഭ്യമാകും. ഓരോ സ്ഥലത്തുനിന്നും ശേഖരിക്കുന്ന പാഴ് വസ്തുക്കളുടേയും മാലിന്യത്തിന്‍റെയും അളവ്, തരം, അവിടെ നല്‍കിയ സേവനങ്ങളുടെ വിവരങ്ങള്‍ തുടങ്ങിയവ ഇതില്‍ രേഖപ്പെടുത്താന്‍ കഴിയും. ശേഖരിച്ച യൂസര്‍ഫീ സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്താനും ഇതില്‍ സൗകര്യമുണ്ട്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേയും ഓരോ പ്രദേശത്തും നടക്കുന്ന ശുചിത്വമാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ ദൈനംദിന അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലോ ജില്ലാ അടിസ്ഥാനത്തിലോ സംസ്ഥാന അടിസ്ഥാനത്തിലോ വിലയിരുത്താനുള്ള സൗകര്യമാണ് ഇതിലൂടെ ലഭ്യമാകുന്നത്.
ഉപഭോക്താക്കള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ യഥാസമയം ആവശ്യപ്പെടുന്നതിനും സേവന ലഭ്യതയിലുണ്ടാകുന്ന കാലതാമസം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കുന്നതിനും ഹരിതമിത്രം സഹായകരമാകും. ഓരോ പ്രദേശത്തും ഏത് ദിവസം ഏത് തരം പാഴ് വസ്തു ശേഖരണം നടക്കും എന്നതുള്‍പ്പെടെയുള്ള വിവരവും ഇതില്‍ ലഭ്യമാകും. വാതില്‍പ്പടി ശേഖരണം വഴി ശേഖരിക്കുന്ന പാഴ് വസ്തുക്കള്‍ സുരക്ഷിതമായി സംസ്കരിക്കപ്പെടുന്നതുവരെയുള്ള വിവരങ്ങള്‍ കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനവും ഈ ആപ്പിലുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിനും വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനാവശ്യമായ വിവര സ്രോതസ്സായും ഈ ആപ്പ് പ്രയോജനപ്പെടും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാരിനും വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനാവശ്യമായ വിവര സ്രോതസ്സായും ഈ ആപ്പ് പ്രയോജനപ്പെടും. ഏകീകൃത ഓൺലൈന്‍ പ്ലാറ്റ്ഫോമിലൂടെ നിരീക്ഷിക്കാന്‍ കഴിയുന്ന ഹരിതമിത്രം സ്മാർട്ട്സ ഗാർബേ്ജ് മാനേജ്മെന്റ് സിസ്റ്റം രാജ്യത്തിന് തന്നെ മാതൃകയായി സംസ്ഥാനമൊട്ടാകെ വൈകാതെ തന്നെ വ്യാപകമാകും.