ക്യാമ്പയിനുകൾ
നീരുറവ് പദ്ധതി
നമ്മുടെ സംസ്ഥാനത്തെ ഓരോ നീര്‍ത്തട പ്രദേശത്തെയും ഓരോ തുണ്ടുഭൂമിയിലും ആവശ്യമായ മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങൾ കണ്ടെത്തുന്നതിനും പ്രാദേശിക ജനവിഭാഗങ്ങളുടെ വലിയ തോതിലുള്ള പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് പഠന-ആസൂത്രണ പ്രവര്‍ത്തനങ്ങളിലൂടെ ഒരു മാസ്റ്റര്‍പ്ലാനിന് രൂപംനൽകി ജനകീയ നിര്‍വഹണത്തിലേയ്ക്ക് പോകുന്നതിനും ലക്ഷ്യമിട്ട് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഹരിതകേരളം മിഷനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് നീരുറവ് പദ്ധതി.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ ഗ്രാമപഞ്ചായത്തിലെ ചുള്ളാളം നീര്‍ത്തടത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരു നീര്‍ത്തടാധിഷ്ഠിത മണ്ണ്-ജല സംരക്ഷണ പദ്ധതിയായ നീരുറവ് പദ്ധതിയില്‍ നിന്നുമുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് സംസ്ഥാന വ്യാപകമായി ഈ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. അടിസ്ഥാന പ്രകൃതി വിഭവങ്ങളായ മണ്ണ്, ജലം, ജൈവസമ്പത്ത് എന്നിവ സംരക്ഷിക്കുന്നതിന് ശാസ്ത്രീയമായ പദ്ധതികള്‍ ആവിഷ്കരിക്കുന്നതോടൊപ്പം പരിസ്ഥിതി പുനഃസ്ഥാപനത്തിനും കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന ദുരന്ത ലഘൂകരണത്തിനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ സര്‍ഗ്ഗാത്മകമായി പ്രയോജനപ്പെടുത്തുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹരിതകേരളം മിഷന്‍റെ ഭാഗമായി തയ്യാറാക്കിയിട്ടുള്ള നീര്‍ത്തട പ്ലാനുകള്‍ ഇതിന് അനുഗുണമായി സമഗ്രമായി പരിഷ്കരിച്ച് സംസ്ഥാന വ്യാപകമായി ഈ പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഹരിതകേരളം മിഷനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് നീരുറവ് പദ്ധതി.