പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം, അടിസ്ഥാന ആവശ്യങ്ങളും ജീവനോപാധിയും കൃഷി വ്യാപനം, ജലസംരക്ഷണം, മാലിന്യ സംസ്‌കരണം,പരിസ്ഥിതിസംരക്ഷണം, ദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിയുന്നതും പരിസ്ഥിതി സൗഹൃദവുമായ വികസന പദ്ധതികള്‍ എന്നീ മേഖലകളില്‍ വരുംകാല വെല്ലുവിളികളെക്കൂടി നേരിടാന്‍ കഴിയും വിധത്തിലുള്ള മുന്നേറ്റമുണ്ടാക്കിയും നിലവിലുള്ള പരിമിതികള്‍ പരിഹരിച്ച് ഏറ്റവും ഉയര്‍ന്ന ഗുണമേന്‍മ ഉറപ്പാക്കിയും ജനപങ്കാളിത്തത്തോടെ ഒരു നവകേരളം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയാണ് ലക്ഷ്യങ്ങളില്‍ പ്രധാനം.
പാര്‍പ്പിടവും ഉപജീവന മാര്‍ഗ്ഗങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങള്‍ ഇല്ലാത്തവരെ അപാകതകളില്ലാത്തവിധം കണ്ടെത്തി അവരുടെ ജീവിതഗുണമേന്മയും ഉപജീവന സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുക, ആശുപത്രികളിലും പൊതുവിദ്യാലയങ്ങളിലും സൃഷ്ടിക്കപ്പെട്ടിട്ടുള്ള മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളെ പ്രയോജനപ്പെടുത്തി അവിടങ്ങളില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങളുടെയും വിദ്യാഭ്യാസത്തിന്റെയും ഗുണനിലവാരം ഉയര്‍ത്തുക എന്നിവയും ലക്ഷ്യമാണ്. മാലിന്യ സംസ്‌കരണം, ജലസംരക്ഷണം, കൃഷി, പരിസ്ഥിതിസംരക്ഷണം, പൊതുആസ്തികളുടെ പരിപാലനം, ആശുപത്രികളുടെയും ആരോഗ്യസേവനങ്ങളുടെയും പരിപാലനം എന്നിവയിൽ ഉത്തരവാദിത്ത സമീപനം വളര്‍ത്തിയെടുക്കുകയും നേട്ടങ്ങള്‍ സ്ഥിരമാക്കുകയും ചെയ്യുക തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നു.
നാല് വികസന മിഷനുകളുടേയും കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെയും നിലവിലുള്ള പ്രവര്‍ത്തനങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, നിലവിലുണ്ടായിരുന്ന മിഷന്‍ പ്രവര്‍ത്തനങ്ങളിൽ തുടര്‍ച്ച സൃഷ്ടിക്കുക എന്നിവ പ്രവര്‍ത്തന സമീപനത്തിലെ മുഖ്യമാര്‍ഗ്ഗമാണ്.