സംരംഭങ്ങൾ
ഇന്ത്യ ഹൈറേഞ്ച് മൗണ്ടന്‍ ലാന്‍ഡ്സ്കേപ്പ് പ്രോജക്റ്റ്- യു.എന്‍.ഡി.പി.
സുസ്ഥിരമായ ഉപജീവന മാര്‍ഗങ്ങളുടെ വികസനവും, ജൈവവൈവിധ്യ സംരക്ഷണവും സംബന്ധിച്ച് അഞ്ചുനാട്ടിലും സമീപ പ്രദേശങ്ങളിലും വിവിധ ഘടകങ്ങളുടെ ഏകോപനം വഴി നടപ്പാക്കിയ പദ്ധതിയാണിത്. ഗ്ലോബല്‍ എന്‍വയോണ്‍മെന്‍റ് ഫെസിലിറ്റി (ജി.ഇ.എഫ്) ഫണ്ട് ഉപയോഗിച്ചാണ് ഈ പദ്ധതി നടപ്പാക്കിയത്. ഈ പദ്ധതിയുടെ ലക്ഷ്യം, ഇന്ത്യന്‍ ഉപദീപില്‍ ഉള്‍പ്പെടുന്ന തെക്കന്‍ പശ്ചിമഘട്ടത്തിലെ ഹൈറേഞ്ച് മലനിരകളുടെ ജൈവവൈവിധ്യം സംരക്ഷിക്കുക എന്നതായിരുന്നു.
ഹൈറേഞ്ച് മലനിരകളുടെ വികസനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പശ്ചിമഘട്ടത്തിന്‍റെ പാരിസ്ഥിതിക സവിശേഷതകളും സാമൂഹിക സാമ്പത്തിക സവിശേഷതകളും വികസന പ്രവണതകളും എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു പ്രവര്‍ത്തന പദ്ധതിയാണ്. അതിസമ്പന്നമായ ജൈവവൈവിധ്യം, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധങ്ങള്‍, വികസന സമ്മര്‍ദ്ദങ്ങള്‍, വിഭവങ്ങള്‍ കുറയുന്നത്, കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഉയര്‍ന്ന അപകട സാധ്യത തുടങ്ങിയ ഈ പ്രദേശത്തിന്‍റെ സവിശേഷതകള്‍ പരിഗണിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത്.
ഹരിതകേരളം മിഷന്‍ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ എന്ന നിലയില്‍ ജി.ഇ.എഫ്-യു.എന്‍.ഡി.പി സംയുക്തമായി അഞ്ചുനാടിനും സമീപ ഭൂവ്യവസ്ഥയ്ക്കും വേണ്ടിയുള്ള സുസ്ഥിര ഉപജീവന പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ വട്ടവട, കാന്തല്ലൂര്‍, മറയൂര്‍, ചിന്നക്കനാല്‍, മൂന്നാര്‍, ദേവികുളം, ഇടമലക്കുടി, മാങ്കുളം, അടിമാലി എന്നീ ഗ്രാമ പഞ്ചായത്തുകളിലും എറണാകുളം ജില്ലയിലെ കുട്ടമ്പുഴ, തൃശൂര്‍ ജില്ലയിലെ അതിരപ്പിള്ളി ഗ്രാമ പഞ്ചായത്തുകളിലുമാണ് പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിവരുന്നത്.