സംരംഭങ്ങൾ

സംരംഭങ്ങൾ

പച്ചത്തുരുത്ത്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്ഥലങ്ങള്‍ കണ്ടെത്തി, തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക വനമാതൃകകള്‍ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കുക എന്നതാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പച്ചത്തുരുത്തിലൂടെ വ്യാപകമായി രൂപപ്പെടുന്ന ചെറുവനങ്ങളിലെ വൃക്ഷങ്ങള്‍ കാര്‍ബണ്‍ ഡൈയോക്സൈഡ് ആഗിരണം ചെയ്ത് ദീര്‍ഘകാലം സൂക്ഷിക്കുന്ന കാര്‍ബണ്‍ കലവറകളായി മാറും. പച്ചത്തുരുത്ത് രൂപപ്പെടുന്ന സ്ഥലത്തെ അന്തരീക്ഷ താപനില നിയന്ത്രിക്കുന്നതും പക്ഷികളും ഷഠ്പദങ്ങളുമുള്‍പ്പെടെയുള്ള ജീവിവര്‍ഗ്ഗങ്ങളുടെ ആവാസ വ്യവസ്ഥയായി മാറുന്നതുമുള്‍പ്പെടെ പാരിസ്ഥിതികമായ അനേകം നേട്ടങ്ങള്‍ പ്രദാനം ചെയ്യാന്‍ ഈ ഹരിതാവരണങ്ങള്‍ക്ക് കഴിയും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ സന്നദ്ധ സംഘടനകളുടെയോ പൊതു സ്ഥാപനങ്ങളുടെയോ വകുപ്പുകളുടെയോ വ്യക്തികളുടെയോ നേതൃത്വത്തില്‍ സ്ഥലങ്ങള്‍ കണ്ടെത്തി, തദ്ദേശീയമായ വൃക്ഷങ്ങളും മറ്റു സസ്യങ്ങളും ഉള്‍പ്പെടുത്തി വനത്തിന്‍റെ സവിശേഷതകള്‍ രൂപപ്പെടുത്തുകയും അതിന്‍റെ തുടര്‍ സംരക്ഷണവുമാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

മനുഷ്യനിര്‍മ്മിതമായ ചെറുവനങ്ങള്‍, സ്വാഭാവിക വനത്തിന്‍റെ സവിശേഷതകള്‍ ഉള്‍ക്കൊണ്ടുള്ള നിര്‍മ്മാണം, ഭൂലഭ്യത കുറഞ്ഞ കേരളം പോലുള്ള പ്രദേശങ്ങള്‍ക്ക് അനുയോജ്യം, ഭൂമിയുടെ വിസ്തൃതി ഒരു പരിമിതിയല്ല (അര സെന്‍റിലും പച്ചത്തുരുത്ത് നിര്‍മ്മിക്കാം), പൂര്‍ണ്ണമായും തദ്ദേശ ജൈവവൈവിധ്യത്തിന്‍റെ ഭാഗമായ സസ്യങ്ങള്‍, നിലവിലുള്ള കാവുകളുടേയും, കണ്ടല്‍ക്കാടുകളുടേയും സംരക്ഷണം, അനുയോജ്യമായ രീതിയില്‍ ചെറുനടപ്പാതകളും ജൈവവേലിയും, സംരക്ഷണത്തിനായി പ്രാദേശിക ജനകീയ കൂട്ടായ്മകള്‍ എന്നിവയാണ് ഇതിന്‍റെ സവിശേഷതകള്‍.

വൃക്ഷങ്ങളുടെ തടിയിലും പുറംതോടിലും ഇലയിലും, വേരിലും, മണ്ണിലുമെല്ലാം കാര്‍ബണ്‍ സംഭരിക്കപ്പെടുന്നു, ഇത് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രത്യാഘാതങ്ങള്‍ വളരെയധികം കുറയ്ക്കും. വൃക്ഷങ്ങള്‍ ദീര്‍ഘകാലം ജീവിക്കുന്നതിനാല്‍ കാര്‍ബണില്‍ ഭൂരിഭാഗവും അന്തരീക്ഷത്തില്‍ തിരികെ എത്താത്തരീതിയില്‍ ദീര്‍ഘകാലത്തേക്ക് സംഭരിക്കപ്പെടുന്നു. ഇതോടൊപ്പം, ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന വനങ്ങള്‍ക്ക് അധിക പ്രാണവായു അന്തരീക്ഷത്തിലേക്ക് എത്തിക്കാന്‍ സാധിക്കും. കൂടാതെ വായുവിലെ പൊടിപടലങ്ങളേയും വിവിധ സ്രോതസ്സുകളില്‍ നിന്നുമുള്ള മറ്റ് നിര്‍ഗ്ഗമന മാലിന്യവസ്തുക്കളേയും ഒരു പരിധിവരെ അന്തരീക്ഷത്തില്‍ വ്യാപിക്കാതെ തടഞ്ഞുനിര്‍ത്തുന്നതിന് സസ്യങ്ങള്‍ സഹായിക്കുന്നു (adsorption). വാഹനങ്ങള്‍, വ്യവസായശാലകള്‍ എന്നിവിടങ്ങളില്‍ നിന്നും പുറംതള്ളുന്ന വിഷവായുവിനെ വിഷമുക്തമാക്കാനും വനങ്ങള്‍ക്ക് സാധിക്കുന്നു. സസ്യങ്ങളുടെ വേരിന്‍റെയും, ജൈവാംശമുള്ള മണ്ണിന്‍റേയും സാന്നിധ്യത്താല്‍, മണ്ണൊലിപ്പിന്‍റെ സാധ്യത കുറയ്ക്കുന്നു. ഇതിനാലാണ് വനങ്ങളെ ശുദ്ധജല സംഭരണികളായി കണക്കാക്കുന്നത്.

blog-post-image

നഗരങ്ങളിലെ കോണ്‍ക്രീറ്റ് നിര്‍മ്മിതികളും വാഹനങ്ങളും പുറപ്പെടുവിക്കുന്ന ചൂടില്‍ നിന്ന് ആശ്വാസമേകാന്‍ നഗര പ്രദേശങ്ങളില്‍ പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കുന്നതിലൂടെ സാധ്യമാകും. ഫലങ്ങളുടേയും ഇലകളുടേയും ഔഷധങ്ങളുടേയും സ്രോതസ്സായി പച്ചത്തുരുത്തുകളെ ഉപയോഗിക്കാം. പ്രാദേശിക കാലാവസ്ഥയെ സ്വാധീനിച്ച് ഒരു സുസ്ഥിര പ്രദേശിക ജൈവവൈവിധ്യ ആവാസ വ്യവസ്ഥ രൂപപ്പെടുന്നതിന് സഹായിക്കുന്നു. ഇവയൊക്കെയാണ് പച്ചത്തുരുത്ത് കൊണ്ടുള്ള പ്രധാന പ്രയോജനങ്ങള്‍.